മലയാളിയെ ആക്രമിച്ച് സ്വര്‍ണക്കവര്‍ച്ച; ഒമ്പത് മലപ്പുറം സ്വദേശികള്‍ ചെന്നൈയില്‍ അറസ്റ്റില്‍

ചെന്നൈ: റെയില്‍വേ സ്റ്റേഷനില്‍ വെച്ച് മലയാളിയായ ആഭരണവ്യാപാരിയില്‍ നിന്ന് ഏഴ് കിലോ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ മലയാളികളായ ഒന്‍പത് അംഗസംഘത്തെ പോലീസ് പിടികൂടി. മലപ്പുറം കൊണ്ടിയൂര്‍ സ്വദേശി കുഞ്ഞിമുഹമ്മദില്‍നിന്ന് സ്വര്‍ണം തട്ടിയെടുത്ത മലപ്പുറം സ്വദേശികളായ ഇസ്മയില്‍, സെയ്ദ് ഫൈസല്‍, അരവിന്ദാക്ഷന്‍, സഹീര്‍ ബഷീര്‍, മൂസക്കുട്ടി, റഷീദ്, ഇക്ബാല്‍, ഹമീദ്, ഹൈദര്‍ തുടങ്ങിയവരെയാണ് തിരുവള്ളൂര്‍ ടൗണ്‍ പോലീസ് പിടികൂടിയത്. ഇവരില്‍നിന്ന് ഒന്‍പത് ലക്ഷം രൂപയും ആഡംബര കാറും പിടിച്ചെടുത്തു.

ജൂണില്‍ ചെന്നൈ സൗക്കാര്‍പ്പേട്ടയിലെ സ്വര്‍ണാഭരണക്കടയില്‍ നിന്ന് ഏഴ്കിലോ സ്വര്‍ണം വാങ്ങി ആലപ്പുഴ എക്‌സ്പ്രസ്സില്‍ നാട്ടിലേക്ക് പോകാനായി കുഞ്ഞിമുഹമ്മദ് തിരുവള്ളൂര്‍ റെയില്‍വേ സ്റ്റേഷനിലിരിക്കെയാണ് സംഭവം. സ്വര്‍ണം കരിഞ്ചന്തയില്‍ വാങ്ങി കേരളത്തിലെ ആഭരണക്കടയില്‍ വില്ക്കുന്ന വ്യാപാരിയാണ് കുഞ്ഞിമുഹമ്മദെന്ന് പോലീസ് പറഞ്ഞു. കുഞ്ഞിമുഹമ്മദിനോടൊപ്പം ജോലി ചെയ്തിരുന്ന റഷീദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം തട്ടിയെടുത്തതെന്ന് തിരുവള്ളൂര്‍ ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ഹരികൃഷ്ണന്‍ പറഞ്ഞു.

കുഞ്ഞിമുഹമ്മദുമായി ഇടക്കാലത്ത് കൂട്ടുകച്ചവടവും റഷീദ് സ്വര്‍ണ ഇടപാടും നടത്തിയിരുന്നു. ഇടപാടില്‍ റഷീദിന് ഒന്നേ മുക്കാല്‍ കോടി രൂപയോളം നഷ്ടം സംഭവിച്ചുവെന്നും നഷ്ടം നികത്താനാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു.

ജൂണിലാണ് കവര്‍ച്ച നടന്നതെങ്കിലും സപ്തംബറിലാണ് തിരുവള്ളൂര്‍ പോലീസില്‍ പരാതി നല്‍കിയത്. കോഴിക്കോട് സ്വദേശികളായ പ്രമോദ്, ഷൈന്‍, സുനില്‍, രാജീവ് തുടങ്ങിയവരെയും പോലീസ് തിരയുന്നുണ്ട്.

പോലീസ് കേസന്വേഷണം നടത്തുമ്പോള്‍ തന്നെ കവര്‍ച്ച നടത്തിയവര്‍ അഭിഭാഷകന്‍ വഴി കേസ് ഒത്തുതീര്‍പ്പിന് ശ്രമിച്ചിരുന്നുവെന്നും ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. കവര്‍ന്ന സ്വര്‍ണത്തിനായി പോലീസ് തിരച്ചില്‍ നടത്തുകയാണ്.ഒന്‍പത് പേരെയും തിരുവള്ളൂര്‍ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
Tags: , ,

ശ്രദ്ധിക്കുക:

താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയാളം ഓണ്‍ലൈവിന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

0 comments

Leave a Reply